2016, ജനുവരി 27, ബുധനാഴ്‌ച

കരളലിയിക്കുന്ന ചിത്രം!

അമ്പലപ്പുഴയിലെ   ആന്തർജ്ജന അമ്മയുടെയും 
റസിയ  സഹോദരിയുടെയും  ചിത്രം  മനസാക്ഷിയുള്ളവരെ 
ചുട്ടുപൊള്ളിക്കുന്നതാണ്.

പരസ്പരം  കെട്ടിപ്പിടിച്ചു  ഉമ്മ നല്കി  കരയുന്ന  രംഗം 
കല്പാന്തം  വരെ കാണാതിരിക്കാൻ  കഴിയില്ല .
മതവും ജാതിയും കൊണ്ട്  മാനവസ്നേഹത്തെ  ഇകഴ്ത്തി 
മതാന്ധതയെ  ലാളിക്കുന്നവർ 
ഒരിക്കലെങ്കിലും  കണ്ണ് തുറന്ന്  കാണണം  ഈ  ചിത്രത്തെ ! 

ജീവിതസിനിമയുടെ  തിരശ്ശീലയ്ക്കു  പിന്നിലേയ്ക്ക് 
പ്രിയ കല്പന  എന്നേയ്ക്കുമായി  മറഞ്ഞത്   ഇക്കാര്യം 
ഓർമ്മിപ്പിക്കാൻ  ആണെന്നു  തോന്നുന്നു .

കൂടപ്പിറപ്പിനേയും  മകളെയും നഷ്ടപ്പെട്ട  വേദനയിലാണ് 
ചക്കര എന്ന  റസിയയും  ചെല്ലമ്മ  എന്ന  അന്തർജ്ജനവും !

കല്പനയുടെ  മരണം  ഒരേ  സമയം 
ജീവതത്തിന്റെ  ക്ഷണികത  ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം 
റസിയ  ചെല്ലമ്മ ,മാരുടെ  കഥ  അതിരുകളില്ലാത്ത 
മനുഷ്യസ്നേഹത്തി  ഗാഥ  കൂടിയാണ് .

വേർപാടിന്റെ  മുന്നിലെ നിമിഷം വരെ 
മകളായും  സഹോദരിയായും  ജീവിച്ച 
കല്പന   എന്തിനെയും  വില്പനച്ചരക്കാക്കുന്ന
സിനിമാലോകത്തിനു  മേലിൽ  മാതൃക 
ആകേണ്ടതാണ് .

കാപട്യമില്ലാതെ  ഒന്നിച്ചിരുന്നു  കരയുന്ന  
നമ്മുടെ  സഹോദരിക്കും  അമ്മയ്ക്കും  എന്താണ് 
നല്കാൻ  കഴിയുക ?

ജീവിക്കാൻ  കുറെയേറെ  പണം ?
കല്പാന്തം  സ്നേഹവും  സുരക്ഷയും ?
തുരുമ്പിക്കാത്ത ആണി തറച്ച്  നെഞ്ചിൽ  തൂക്കാൻ 
ഒരു  മാതൃക ?

സ്നേഹഭിമാനാദരവുകൾ  ചേർത്ത് വച്ച് 
നെഞ്ചം  നിവർത്ത്  റെഡ് സലൂട്ട് ?
ജാടകളെല്ലാം  അഴിച്ചെറിഞ്ഞു  കണ്ണീരിൽ  കുതിർന്ന 
പ്രണാമം ?

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ലാൽസലാം സഖാവേ ലാൽസലാം



പാർട്ടി വിരുദ്ധനായി 
ഒരു പുരുഷാന്തരം ജീവിച്ച സഖാവേ 
നിങ്ങളെ  പാർട്ടിക്കിനിയും  ആവശ്യമുണ്ട് ,
ചവിട്ടാനും 
കാറിത്തു പ്പാനും 
പിന്നെ പുലയാട്ടാനും ! ,
രക്തസാക്ഷികളുടെ  ചോര മണക്കുന്ന 
ബാലികുടീരങ്ങളിലേയ്ക്കു 
തിരികെ  വരൂ സഖാവേ 

ഒറ്റുകാർക്കിടയിൽ  ഒരേയൊരു 
ഒറ്റുകാരനായി  മുദ്ര കുത്തുവാൻ 
തിരികെ വരൂ സഖാവേ 

വാർത്ത ചോർത്തുകാർക്കിടയിൽ 
ഒരേയൊരു  ചോർത്തുകാരനായി 
തുല്യം  ചാർത്തുവാൻ
തിരികെ  വരൂ സഖാവേ 

തെരഞ്ഞെടുപ്പടുക്കമ്പോൾ 
തെരുവോരത്താൾക്കൂട്ടത്തെ,യലകടലാക്കുവാൻ 
വേണം പാർട്ടിയ്ക്കൊരാൾ 
വരൂ  സഖാവേ 

പ്രിയ സഖാവേ  മാപ്പ് ...!

മദ്യപനായ  എമ്പ്രാന്തിരിയുടെ കഥ 
എഴുതുത്തുന്ന പുത്തെൻ കൂറ്റുകാരെ 
ഇനിയാരാണ്  രാജാവിനു ഉടുതുണി ഇല്ലെന്ന് 
വിളിച്ചാർക്കുന്നത്.........! 

2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

സത്യം ശിവം സുന്ദരം !!!

                                                      
ഇന്ത്യൻ ജനാധിപത്യത്തിൻറെ  ശക്തിയും  സൗന്ദര്യവും  സൗമ്യദീപ്തിയും 
ലോക ജനത  തിരിച്ചറിഞ്ഞത് ഡൽഹിയിലാണ് .
അക്ഷരാർത്ഥത്തിൽ  രണ്ടാം  സ്വാതന്ത്ര്യദിനമായി  ഉപാധികളില്ലാതെ  
ഡൽഹി  ആഘോഷിച്ച ദിനം !
കഴിഞ്ഞ  അറുപത്തെട്ടു  വർഷമായി കോണ്‍ഗ്രസ്സും  കോണ്‍ഗ്രസ്സിതര സർക്കാരുകളും 
തുടർന്നുവന്ന  ജനവിരുദ്ധ  പിന്തിരിപ്പൻ  നയങ്ങളെ  പൂർണമായും 
തിരസ്ക്കരിച്ചിരിയ്ക്കുന്നു  ഡൽഹിയിലെ  ഒന്നേകാൽ  കോടിയിലധികം 
വരുന്ന  ജനസംഖ്യ .
ഡൽഹി  ഒരു സൂചനയാണ് !  മുഖ്യധാരാപാർട്ടികൾക്കുള്ള 
അപായസൂചന . ആളാകാനും  അഹങ്കരിക്കാനും സ്വകാര്യ അജണ്ട 
നടപ്പക്കനുമുള്ളതാണ് അധികരമെന്നു  ധരിച്ചവർ  വട്ടപ്പൂജ്യമായി !
ഡൽഹിയിലെ  തെരഞ്ഞെടുപ്പു  രാജ്യത്തിനാകെ  മാതൃകയാണ് .
കോർപ്പറേറ്റുകളുടേയും  കള്ളപ്പണക്കാരുടെയും  ആഗോളവണിജ്യ-
മുതലാളിമാരുടെയും,  സംരക്ഷകരും  ഏജന്റുമാരുമായി  നമ്മുടെ 
ഭരണകർത്താക്കൾ  അധപ്പതിക്കുമ്പോൾ  സാധാരണജനതയ്ക്ക്  
ഇങ്ങനെയല്ലാതെ  എങ്ങനെയാണ്  പ്രതികരിയ്ക്കാൻ  കഴിയുക!

ആപ്പിൻറെ  നായകൻ  അരവിന്ദ് കെജ്രിവാൾ കേവലം ഒരു വ്യക്തിയല്ല ,
ഭാരതീയ നന്മകളുടെ സമാനതകളില്ലാത്ത പ്രതീകമാണ്.
നിസ്വാർത്ഥനായ  ഒരു രാഷ്ട്രിയപ്രവർത്തകന് ഉണ്ടാകേണ്ടത് 
എന്തൊക്കെയാണോ  അതൊക്കെ ജനങ്ങൾ  അദ്ദേഹത്തിൽ കാണുന്നുണ്ട്.
സ്വാതന്ത്ര്യപൂർവഭാരതത്തിൽ  മഹത്മജിയിൽ അവർ അതൊക്കെ 
കണ്ടതാണ്. അതുകൊണ്ടാണ്  ജാതിമതസാമുദായിക കൂട്ടുക്കെട്ടുകൾക്കതിതമായ  ഒരു പറ്റം ജനതയുടെ  ആശയ,ഭിലാഷങ്ങൾ 
കെജ്രിവാളിനു  അനുകൂലമായത്. പ്രാദേശിക  ജാതിമത സങ്കുചിത 
താല്പ്പര്യങ്ങൾക്കതീതമാണ്  ആ  വിധി  എന്നതാണ്  അതിനെ 
 ശ്രദ്ധേയമാക്കുന്നത്. വെള്ളവും  വെളിച്ചവും  മാനവും  നഷ്ടപ്പെടുന്നവർക്ക് 
പ്രത്യാശയും പ്രതീക്ഷയുമാണ് ഈ  തെരഞ്ഞെടുപ്പുഫലം. ഒപ്പം സാധാരണക്കാരുടെ  നിത്യജീവിതപ്രശ്നങ്ങളെ  അവഗണിക്കുന്ന  ഭരണാധി-
കാരികൾക്കുള്ള  മുന്നറിയിപ്പും !!!

2015, ജനുവരി 27, ചൊവ്വാഴ്ച

ദേ പോയ്‌ ദാ വന്നു

  
സ്വാതന്ത്ര്യവും  പരമാധികാരവും  ജനാധിപത്യവും  
നേടിയ  ദിവസം  
ആഗോളപോലിസ്  കുരുക്ഷേത്ര ഭുമിയിൽ !

ആണവ ബാധ്യതാ നിയമം 
ഉഭയകക്ഷിചർചയിൽ  ആവിയായി .
മൂന്നു മണിക്കൂർ  നീണ്ടതു 
ചർച്ചയോ  ചായസൽക്കാരമോ ?

പ്രതിരോധ ,മാഭ്യന്തര,മുദ്പാദനം 
പിന്നെ,  സാങ്കേതികവും  
വികസിക്കുമത്രേ !
പുഷ്ക്കലമാവും സൌരോർജവും .

സഹകരിച്ചാൽ 
ഐക്യ രാഷ്ട്രത്തിൽ  സ്ഥിരാംഗത്വവും--- 
ആനന്ദലബ്ധിക്കിനിയെന്തു  വേണം---

ആണവം ചതിച്ചാൽ 
നമുക്കിനി  ഇൻഷ്വറൻസ്  തുക 
വാങ്ങി  ബാങ്കിലിടാം .
ഹാ  എന്തു  മഹാമനസ്ക്കത !

കേരളം സുന്ദരം  തീരദേശങ്ങളും !
പിന്നെ ഗംഗാ  നദിയും .
പുരോഗതി  വേണേൽ 
"ഘർ വാപ്പസി" ,യൊന്നും  വേണ്ടാ  കേട്ടോ,-
യെന്നും  കൂടി  ധരിപ്പിച്ചേമാൻ 
വാപ്പസ് ഗയാ .     

2015, ജനുവരി 20, ചൊവ്വാഴ്ച

റണ്‍ മഹാത്മാവേ റണ്‍

                        

 ഓട്ടം  ഒരു  പലായനമാണ് .
 എല്ലാ  അർത്ഥത്തിലും !
 സത്യത്തിൽ  നിന്നുളള  പലായനം .
 ഒപ്പം 
 പരമസത്യത്തിലേയ്ക്കുള്ള   പിച്ചവെച്ചുകയറ്റവും !

          ഓട്ടം  ഒരു  പലായനമാണ്.
          വർത്തമാനത്തിൽ  നിന്നുള്ള  പലായനം !
          ഒപ്പം 
          ഭൂതത്തിന്റെ   വൈകൃതങ്ങളിലേയ്ക്കുള്ള 
          സുഗമ   സഞ്ചാരവും !

 ഓട്ടം  ഒരു  പലായനമാണ്.
 ജനകീയതയിൽ  നിന്നുള്ള  പലായനം !
 ഒപ്പം 
 ജനകീയതയലേക്കുള്ള  സുതാര്യതയുടെ  കടന്നുവരവും !

         ഓട്ടം ഒരു  പലായനമാണ്.        
         ഒരു  ഗീബൽസ്യൻ  പലായനം ! (തന്ത്രം)
         ഒപ്പം 
         രാജാവിൻറെ  നഗ്നതയിലേക്കുള്ള  ചൂണ്ടുവിരലും !

  ഓടിയും  നടന്നും  ദണ്ടിയിലെത്തി 
  ഉപ്പു  കുറുക്കിയ    മഹാത്മാവേ 
  നമ്മളിപ്പോൾ  ഏതു   കടൽപ്പുറത്താണ്  
  ഓടുന്നത് ?

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

സ്വപ്നം കാണാൻ ഒരു ദിവസം കൂടി ....

ഓർമയുടെ  കലണ്ടറിൽ
ചോരയിൽ ചൂണ്ടുവിരൽ മുക്കി
അടയാളമിട്ട ആ  ദിനം
ഒരിയ്ക്കൽ കൂടി പിന്നിടുകയാണ്.

സ്വാതന്ത്ര്യത്തി ൻറെ     സൂര്യൻ അറുപത്തെട്ടു
സംവത്സരങ്ങളും ഒരു ദിവസവും പിന്നിടുമ്പോൾ
ജനാധിപത്യമേ
നിനക്ക്
നമോവാകം !



നിരക്ഷരർ !
നിരാലംബർ !
നിസ്സ്വർ .............!
നിത്യരോഗികൾ !
നിരത്തിൽ നാണവും മാനവും വിൽക്കുന്നവർ ........!
എത്രപേർ ?

ജനാധിപത്യമേ  നിനക്കെന്താണ്‌ ഉദ്ബോധിപ്പിക്കാനുള്ളത് ?

ഭഗത് സിംഗ് ,
സുഖദേവ് ,
രാജ്ഗുരു ,
ചന്ദ്രശേഖർ ആസാദ് ,
ഉദംസിംഗ് എന്ന റാം മുഹമദു ആസാദ്
നിങ്ങൾ കഴുമരത്തിൽ നിന്നു വീഴ്ത്തിയ ചെഞ്ചോര പൂക്കുന്നത് എന്നാണ് ?

അമർത്യരേ .......
ഞങ്ങൾക്കിനിയും സ്വപ്നം കാണാമോ
വരാനിരിക്കുന്ന  നല്ലനാളുകൾക്കായ് .........?


























2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

ഹിരോഷിമ



സഹോദരാ 
നിനക്കോർമ്മയുണ്ടോ ആ ദിനം?
ആഗസ്റ്റ്‌ 6 .

സഹോദരാ 
നിനക്കോർമ്മ, യുണ്ടോ  
ആ സ്ഥലം ? 
ഹിരോഷിമ .

റേഡിയേഷൻ നിലയ്ക്കാത്ത നടുക്കുന്ന ഓർമയാണ്‌
അതെനിക്ക്.
നിനക്കോ ?

മുട്ടനാടിനു  ചോരക്കൊതി നുണഞ്ഞ 
ആദ്യരാത്രി ആകാമത് .

ഹിരോഷിമയുടെ  ഹൃദയം നിറച്ചൊഴുകിയ  ഒഹായോ നദി 
എനിക്കിന്നും മോർച്ചറിയാണ് .
നിനക്കോ ?

യുദ്ധക്കൊതിയെ ലാളിച്ചു പോറ്റുന്ന വർണപ്പകിട്ടുള്ള 
ഒരു അക്വേറിയ,മാവാം  .

ആ ദിവസങ്ങളിൽ മഴമേഘങ്ങളായ് 
തെരുവുകളിൽ  പെയ്തിറങ്ങിയത് കാലാഗ്നി
 ആയിരുന്നു എനിക്ക് .
നിനക്കോ ?

പരീക്ഷണശാലകളിൽ നീയൊളിപ്പിച്ച മഴവിൽ മഴയുടെ 
രാസപദർഥമാകാം .

മൂന്നാം ദിവസം നീ ഉയിർത്തത് 
നാഗസാക്കിയിൽ !

സഹോദരാ ......  നീ  ഇപ്പോൾ  ഗാസയിലും .......!